Saturday 15 July 2017

വിവാഹം എന്തിന്?

               ഒരു വിവാഹത്തെക്കുറിച്ചു ചിന്തിക്കുമ്പോഴെല്ലാം ഈ ഒരു മറുചോദ്യവും എല്ലാ ആണുങ്ങളുടെയും ഉള്ളില്‍നിന്നും ഒരിക്കല്‍ എങ്കിലും ഉയര്‍ന്നു വന്നിട്ടുണ്ടാവും.എന്തിനു കല്യാണം കഴിച്ചു കുടുംബജീവിതം നയിക്കണം?കല്യാണം കഴിക്കാതെ തന്നെ ഒരു പെണ്ണുമൊത്തു ജീവിച്ചു കൂടെ? അല്ലെങ്കില്‍ ഒരു വിവാഹം കഴിക്കേണ്ടതിന്റെ തന്നെ ആവശ്യകത എന്ത്? തനിയെ ജീവിക്കാമല്ലോ? എന്നാല്‍  ഇതൊക്കെ ആവാം.ലോകത്തില്‍ പലയിടത്തും മേല്‍പ്പറഞ്ഞ പോലെയും ആളുകള്‍ ജീവിക്കുന്നുണ്ട്. എന്നാലും മേല്‍പ്പറഞ്ഞതിനെ അപേക്ഷിച്ചു  നമ്മള്‍ ജീവിക്കുന്ന രാജ്യത്തിലെ നിയമമനുസരിച്ചും ഓരോരുത്തരുടെ മതം ഉദ്ഘോഷിക്കുന്ന രീതിയിലും ഇണയെ കണ്ടെത്തി ജീവിതം നയിക്കുമ്പോഴുള്ള ആനന്ദവും വാക്കുകളില്‍ ഒതുക്കാന്‍ കഴിയാത്ത അനുഭൂതിയുമാണ് നമ്മള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നത്.
                മനുഷ്യര്‍ വിവാഹം കഴിക്കുന്നതെന്തിനു എന്ന്നു ചോദിച്ചാല്‍, അടുത്ത  തലമുറയെ സൃഷ്ടിക്കാന്‍ എന്ന ഉത്തരമാണ് കിട്ടുക.വാദത്തിനു വേണ്ടി പറയുന്ന മറ്റു കാര്യങ്ങളെല്ലാം ഈ ഒരു ലക്ഷ്യത്തിനു എത്രയോ താഴെയായിരിക്കും നില കൊള്ളുക.
               വെറും സന്താനസൃഷ്ടി മാത്രമാണ് ലക്ഷ്യമെങ്കില്‍ വിവാഹം എന്ന പ്രക്രിയയുടെ ആവശ്യമെന്ത്?വിവാഹത്തിന്‍റെ പിന്‍ബലമില്ലാതെ തന്നെ ഓരോര്‍ത്തര്‍ക്കും അവരവരുടെ ഇഷ്ടമനുസരിച്ചു ഇണ ചേരുകയും സന്താനങ്ങളെ സൃഷ്ടിക്കുകയും ചെയ്തു കൂടെ?എന്നാല്‍ മനുഷ്യനൊഴികെയുള്ള  മറ്റു മൃഗങ്ങളില്‍ അടുത്ത തലമുറയെ കാലഘട്ടത്തിനനുസരിച്ചു സൃഷ്ടിക്കുക എന്ന പ്രക്രിയ അവയില്‍ അന്തര്‍ലീനമാണ്.മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അവയിലെ രണ്ടു ഇണകള്‍ അനികൂല സാഹചര്യമാണെങ്കില്‍ പോലും കാണുന്ന മാത്രയില്‍ ഇണ ചേരുന്നില്ല.ഓരോ ജീവിക്കും പ്രകൃതി  നല്‍കുന്ന Matting (മൃഗങ്ങളിലെ ഇണചേരലിനു ലൈംഗികത എന്ന വാക്ക്  ഉപയോഗിക്കാന്‍ കഴിയില്ല.കാരണം കേവലം ഇണചേരലിനുമപ്പുരം അതില്‍ പലവിധ വികാരങ്ങളുണ്ട്.) സമയമുണ്ട്.ആ സമയത്ത് കൂട്ടം കൂടി ജീവിക്കാത്ത മൃഗങ്ങള്‍/പക്ഷികള്‍  പോലും ദൂരെയുള്ള ഇണകളെ മനുഷ്യന്‍റെ നഗ്നനേത്രങ്ങള്‍ കൊണ്ടു കാണാന്‍ കഴിയാത്ത തരത്തിലുള്ള ആശയവിനിമയത്താല്‍ ആകര്‍ഷിക്കുന്നു.അവയില്‍ ഈ നിയമങ്ങളെല്ലാം പ്രകൃതി inbuilt ആക്കി വെച്ചതാണ്. എന്നാല്‍ മനുഷ്യനില്‍ ഇതിനെല്ലാം ഒരു ബാഹ്യമായ നിയമം ആവശ്യമാണ്.
                ഒന്നാലോചിച്ചു നോക്കൂ.ഇന്നു രാത്രി പത്തു മണി മുതല്‍ രാവിലെ 6 മണി വരെ എറണാകുളം നഗരത്തില്‍ 'എല്ലാവിധ' നിയമങ്ങളും അസാധുവാകുന്നതാണ്, ആര്‍ക്കും എന്തു കുറ്റകൃത്യവും ചെയ്യാം,ആരെയും അറസ്റ്റു ചെയ്യില്ല, എന്ന ഒരു ഓര്‍ഡിനന്‍സ് ഗവണ്മെന്‍റ് ഇറക്കുകയാണെങ്കില്‍  എന്താണ് സംഭവിക്കുക?എത്ര സ്ഥാപനങ്ങള്‍ കൊള്ളയടിക്കപ്പെടും? എത്ര സ്ത്രീകള്‍ ആക്രമിക്കപ്പെടാം? നേരം പുലരുമ്പോള്‍ ഈ നഗരം തന്നെ ബാക്കിയുണ്ടാവുമോ? സംഭവിക്കുന്നത്‌ നമ്മുടെ ചിന്തകള്‍ക്കപ്പുറത്തുള്ളതായിരിക്കും.ഓരോരുത്തരുടെ മതങ്ങളുടെയും അഖിലിതമായ സാമൂഹിക നിയമവുമായിരിക്കും അപ്പോള്‍ നമ്മുടെ രക്ഷക്കെത്തുക. അല്ലെങ്കില്‍ത്തന്നെ prostitution അനുവദനീയമായ രാജ്യങ്ങളില്‍  ജോലി ചെയ്യുന്നവര്‍ക്കു  ഒരു വേശ്യയുമൊത്തു ശയിക്കാനുള്ള പണവും അനുകൂല സാഹചര്യമുണ്ടായിട്ടു പോലും അവരെ അതില്‍നിന്നും പിന്തിരിക്കുന്നത് നേരത്തെ സൂചിപ്പിച്ച മത,സാമൂഹിക  നിയമമല്ലേ.  സാമൂഹിക നിയമത്തിനു ഒരു സിമ്പിള്‍ ഡെഫിനിഷന്‍ എന്താണെന്നു വച്ചാല്‍ നമ്മള്‍ എന്തു ചെയ്യാനൊരുങ്ങുമ്പോഴും 'ശ്ശെ,മറ്റുള്ളവര്‍ എന്തു വിചാരിക്കും' എന്നൊരു ചിന്ത നമ്മെ പിറകോട്ടു വലിക്കാറില്ലേ? അതു തന്നെ. ഇത്ര കൂലങ്കിഷിതമായി കാര്യങ്ങള്‍ പറഞ്ഞത് മനുഷ്യനു വിവാഹമടക്കം പല കാര്യങ്ങളും ഈ നിയമങ്ങള്‍ക്കുള്ളില്‍ ഇരുന്നു കൊണ്ടേ ചെയ്യാന്‍  കഴിയൂ.